ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
സാമൂഹിക ചരിത്രം
വണ്ണപ്പുറം ഗ്രാമപഞ്ചായത്തില്‍ ആയിരം കൊല്ലങ്ങള്‍ക്കുമപ്പുറത്ത് ഗോത്രവര്‍ഗ്ഗക്കാര്‍ താമസിച്ചിരുന്നതിനുള്ള സൂചനകളാണ് വണ്ണപ്പുറത്തിനു സമീപം കൊരമ്പനളള് എന്ന സ്ഥലത്തെ പുരാതനമായ ലിഖിതങ്ങളും അക്കാലത്ത് ഉപയോഗിച്ചിരുന്നു എന്നുകരുതുന്ന വീടുകളുടെ തറകള്‍, വളരെ പഴക്കം ചെന്ന കിണറുകള്‍ എന്നിവയും. കാഞ്ഞിരക്കാട് ശ്രീമഹാദേവക്ഷേത്രം, കൂവപ്പുറം ശ്രീധര്‍മ്മശാസ്താക്ഷേത്രം, തെക്കേച്ചിറക്ഷേത്രം എന്നിവ ഏറെപ്പഴക്കമുള്ള ക്ഷേത്രങ്ങളാണ്. മുള്ളന്‍കുത്തി അറപ്പുഴ ഭാഗത്ത് ക്ഷേത്ര അവശിഷ്ടങ്ങളുടെ ശിലാഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. കാഞ്ഞിരക്കാട്ട് ക്ഷേത്രത്തിന്റെ ശ്രീകോവിലിന് അതിന്റെ നിര്‍മ്മാണക്കണക്കനുസരിച്ച് ആയിരം കൊല്ലത്തിലേറെ കാലപ്പഴക്കമുണ്ട്. 16-17 നൂറ്റാണ്ടു കാലത്ത് തിരുവിതാംകൂര്‍ രാജ്യത്തിന്റെ ഭരണത്തിലായിരുന്നു ഈ പ്രദേശം. അക്കാലത്ത് മണ്ണത്തറയ്ക്കല്‍ കര്‍ത്താക്കളും മഞ്ഞപ്പള്ളി ഇളയടത്തുപ്രഭുക്കളും കൈവശം വച്ചിരുന്ന പ്രദേശങ്ങളായിരുന്നു കാളിയാര്‍ വണ്ണപ്പുറം മേഖലകള്‍. 1975-ല്‍ വനംപൂട്ടിക്കൊണ്ട് തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. വനത്തിനുള്ളില്‍ ഭൂമി ഉള്ളവര്‍ സര്‍ക്കാരില്‍ അപേക്ഷ സമര്‍പ്പിച്ചു. വനഭൂമി പതിച്ചു വാങ്ങുന്നതിനു ചെമ്പേട് ഉണ്ടായിരുന്നു. മഞ്ഞപ്പിള്ളി ഇളയടത്തു പ്രഭുക്കളില്‍ നിന്നും ആലപ്പുഴ സ്വദേശിയായ ഉമ്മന്‍ എന്നയാള്‍ 90 വര്‍ഷത്തേക്ക് ഭൂമി പാട്ടത്തിനു വാങ്ങിയിരുന്നു. പിന്നീട് ഉമ്മന്‍ ഈ സ്ഥലങ്ങള്‍ ബ്രിട്ടീഷുകാര്‍ക്ക് പാട്ടത്തിനു കൊടുത്തു. അതോടുകൂടി കാര്‍ഷികരീതിയിലും മാറ്റങ്ങള്‍ വന്നു. തെങ്ങും മറ്റു വിളകളും വെട്ടിമാറ്റി ബ്രിട്ടീഷുകാര്‍ റബ്ബര്‍കൃഷി ആരംഭിച്ചു.
കുടിയേറ്റചരിത്രം
ഒരു കുടിയേറ്റമേഖല എന്ന നിലയ്ക്ക് മണ്ണിനുവേണ്ടിയുള്ള സമരങ്ങളാണ് ഇവിടെ അരങ്ങേറിയവയില്‍ കൂടുതലും. വിഭാഗീയതകള്‍ക്ക് അപ്പുറത്തായി മനുഷ്യന്റെ സംഘടിതമായ ഒട്ടേറെ പ്രക്ഷോഭണങ്ങള്‍ക്ക് വണ്ണപ്പുറം സാക്ഷിയായിട്ടുണ്ട്. സി.പി.രാമസ്വാമി അയ്യരുടെ കാലത്ത് 1942-ല്‍ കടുത്ത ഭക്ഷ്യക്ഷാമം അനുഭവപ്പെട്ടപ്പോള്‍ കേരളത്തില്‍ വ്യാപകമായി ചതുപ്പുനിലം നെല്‍കൃഷിയ്ക്ക് അനുവദിക്കുകയുണ്ടായതിന്‍റെ ഭാഗമായി വണ്ണപ്പുറം ഭാഗത്തും ചതുപ്പുനിലം കൃഷിക്ക് കൊടുത്തിരുന്നു. 600 ഏക്കര്‍ ചതുപ്പ് ഈ പ്രകാരം കൊടുത്തു എന്നതാണ് ലഭ്യമായിട്ടുള്ള വിവരം. 1930 കളാണ് മറ്റൊരു കുടിയേറ്റത്തിന്‍റെ കാലം. ഈ കാലത്തുതന്നെ മുള്ളരിങ്ങാട്, പട്ടയക്കുടി, വാല്‍പ്പാറ, കള്ളിപ്പാറ എന്നിവിടങ്ങളിലും ആദിവാസികള്‍ താമസമാക്കിയിരുന്നു. 1930 മുതലുള്ള ഒന്നരപതിറ്റാണ്ടുകാലം നടന്ന കുടിയേറ്റത്തെതുടര്‍ന്ന് കാളിയാര്‍-വണ്ണപ്പുറം മേഖലയിലെ വനഭൂമി കൃഷിഭൂമിയാക്കുവാന്‍, കാട്ടുമൃഗങ്ങളോടും മലമ്പാമ്പ് മുതലായ ഇഴജന്തുക്കളോടും മല്ലടിച്ച് മലമ്പനി പോലുള്ള രോഗങ്ങളും അതിജീവിച്ച് മനുഷ്യന്‍ മണ്ണില്‍ പൊന്നുവിളയിച്ച് തുടങ്ങി. ഭൂപരിഷ്ക്കരണനിയമത്തിന്‍റെ ഗുണം വണ്ണപ്പുറത്തെ കര്‍ഷകതൊഴിലാളികള്‍ക്കും ലഭിച്ചിട്ടുണ്ട്. ഭൂമിയില്ലാതിരുന്ന ഒട്ടേറെ പേര്‍ക്ക് ഭൂമി ലഭിച്ചു.
സാംസ്കാരിക ചരിത്രം
കാഞ്ഞിരക്കാട്ട് ക്ഷേത്രവും കൂവപ്പുറം ക്ഷേത്രവും തെക്കേച്ചിറ ക്ഷേത്രവും കഴിഞ്ഞാല്‍ പെരുമ്പുഴപള്ളിയാണ് പ്രഥമസ്ഥാനത്ത് നില്‍ക്കുന്നത്. 1941 മെയ് 21-ന് കാളിയാര്‍ സെന്‍റ് റീത്താസ് പള്ളി സ്ഥാപിച്ചു. മുള്ളന്‍കുത്തിക്കാവ് പറമ്പ് ക്ഷേത്രം, ശാന്തിമുക്ക് ക്ഷേത്രം, പട്ടേക്കുടി കുമ്പളമണ്‍ ക്ഷേത്രം, മുള്ളരിങ്ങാട് ദുര്‍ഗ്ഗാദേവിക്ഷേത്രം, മുള്ളരിങ്ങാട് ജുമാ മസ്ജിദ്, മാര്‍ഗ്രിഗോറിയോസ് മാര്‍ത്തോമാ ചര്‍ച്ച് എന്നിവയും ആദ്യകാല ദേവാലയങ്ങളാണ്. വെണ്‍മറ്റം കേന്ദ്രമായിട്ട് 1961-ല്‍ വണ്ണപ്പുറം ജുമാമസ്ജിദ് നിലവില്‍ വന്നു. സാംസ്കാരിക രംഗത്തെ സുപ്രധാനമായ ഒന്നായിരുന്നു 1950-ല്‍ രൂപീകൃതമായ കാളിയാര്‍ നാഷണല്‍ ലൈബ്രറി. ജെ.ജോസഫ് തോപ്പിലായിരുന്നു മുഖ്യ സംഘാടകന്‍. ആദ്യകാലത്ത് ഇവിടെ കുടിപ്പള്ളിക്കൂടങ്ങള്‍ നിലവിലുണ്ടായിരുന്നു. പിന്നീട് ജനങ്ങള്‍ പണം പിരിച്ചും അദ്ധ്വാനം നല്‍കിയും കെട്ടിയുണ്ടാക്കിയ കെട്ടിടത്തില്‍ ഒരു സ്കൂള്‍ വണ്ണപ്പുറത്താരംഭിച്ചു. ഇതാണ് പില്‍ക്കാലത്ത് എസ്.എന്‍.എം. ഹൈസ്കൂളായി മാറിയത്. 1951-ല്‍ സ്ഥാപിച്ച സെന്‍റ് മേരീസ് ഹൈസ്കൂളാണ് പഞ്ചായത്തിലെ ആദ്യത്തെ ഹൈസ്കൂള്‍. തൊടുപുഴയിലെ ന്യൂമാന്‍ കോളേജ് സ്ഥാപിതമായതിനുശേഷമാണ് വിദ്യാഭ്യാസരംഗത്ത് പഞ്ചായത്ത് ഏറെ മുന്നോട്ട് പോയത്.
വികസന ചരിത്രം
പഞ്ചായത്ത് പ്രദേശത്തിന്‍റെ വികസനത്തിന് ഒരു മത്സരത്തിന്‍റെ ചരിത്രമുണ്ട്. കാളിയാര്‍ കേന്ദ്രീകരിച്ച് തൊമ്മന്‍ ജോസഫ് നമ്പ്യാപറമ്പിലും വണ്ണപ്പുറം കേന്ദ്രീകരിച്ച് നെടും തടത്തില്‍ മത്തായി ഐപ്പും തങ്ങളുടെ പ്രദേശത്ത് കൂടുതല്‍ വികസനം എത്തിക്കണം എന്ന ഉദ്ദേശ്യത്തോടെ ഒരു വികസന മത്സരം തന്നെ നടത്തിയിരുന്നു. ഇന്നത്തെ കക്കടാശ്ശേരി കാളിയാര്‍റോഡിന്‍റെ റൂട്ട് ഇപ്പോഴത്തെ അവസ്ഥയില്‍ തിരിച്ചുവിട്ടത് മത്തായി ഐപ്പിന്റെ ശ്രമഫലമായിട്ടാണ്. 1967-ല്‍ കാളിയാറില്‍ പാലം നിര്‍മ്മിച്ചു. പാലത്തിന്‍റെ കാര്യത്തില്‍ കാളിയാറും തെന്നത്തൂരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. എങ്കിലും കണ്ടോത്ത് സാര്‍ ഗവര്‍ണര്‍ക്ക് നിവേദനം കൊടുത്തതിനെത്തുടര്‍ന്ന് പാലം കാളിയാറ്റില്‍ നിര്‍മ്മിക്കാന്‍ അനുവദിക്കുകയാണുണ്ടായത്. പാലത്തിന്‍റെ നിര്‍മ്മാണം നാടിന്‍റെ വികസനത്തിന് വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്. 1942-ല്‍ ഭക്ഷ്യക്ഷാമമുണ്ടായപ്പോള്‍ പാടത്ത് കൃഷിയ്ക്കായി വന്ന കര്‍ഷകതൊഴിലാളികളും മറ്റ് കുടിയേറ്റക്കാരും കൂടി മറ്റ് കൃഷികളാരംഭിച്ചു. മരച്ചീനി, മുതിര, പയര്‍, തുവര തുടങ്ങിയ ഭക്ഷ്യധാന്യങ്ങള്‍ കൃഷി ചെയ്തു തുടങ്ങി. 1950-കളുടെ തുടക്കത്തിലാണ് തെങ്ങ്, കമുക് മറ്റ് ഫലവൃക്ഷങ്ങള്‍ ഇവ കൃഷി ചെയ്ത് തുടങ്ങിയത്. പിന്നീട് റബ്ബര്‍കൃഷി ആരംഭിച്ചു. ആദ്യകാലവിത്തിനങ്ങള്‍ ചെമ്പാവ്, ഇട്ടിക്കണ്ണന്‍, തെക്കന്‍മുണ്ട എന്നിവ കന്നിവിത്തായും വെള്ളാരന്‍, വെള്ളപെരുവാഴ മുതലായവ വിരിപ്പ് കൃഷിയ്ക്കും ഉപയോഗിച്ചിരുന്നു. കുരീക്കണ്ണി, കറുത്തകരീക്കണ്ണന് ഇവയും പ്രചാരത്തിലിരുന്നു. 1935-ല്‍ കുടിയേറ്റത്തിന്‍റെ ആദ്യകാലത്ത് പണ്ടാരക്കുത്ത് ഭാഗത്ത് 3 മൃതദേഹങ്ങള്‍ പള്ളിയില്‍ എത്തിക്കുവാന്‍ കഴിയാതെ 3 ദിവസക്കാലം സൂക്ഷിക്കേണ്ടിവന്നു. പകല്‍ സമയങ്ങളില്‍ പോലും വളര്‍ത്തു മൃഗങ്ങളെ കടുവയും കരടിയും പിടിച്ചു കൊണ്ടു പോവുന്നത് പതിവായിരുന്നു. മുണ്ടന്‍ മുടി ഭാഗത്തുവച്ച് ഒരു യാത്രക്കാരനെ കരടി പിടിക്കുകയുണ്ടായി. 1955-ല്‍ കണ്ണാടി സര്‍വെയില്‍ പങ്കെടുക്കുവാന്‍ എത്തിയ ആലപ്പുഴക്കാരന്‍ തങ്കപ്പന്‍ എന്നയാളെ ആന കുത്തികൊന്നു. ആദ്യമായി ബസ് സര്‍വ്വീസ് ആരംഭിച്ചത് അന്നൊരു പ്രധാന സംഭവമായിരുന്നു. ആദ്യകാലത്ത് നെല്‍കൃഷിയായിരുന്നു ഏറ്റവും പ്രധാനം. അക്കാലത്തെ സമ്പന്നമായ പാടശേഖരങ്ങളില്‍ വലിയൊരു ഭാഗം പറമ്പുകളായി മാറി. ഇന്നേറ്റവും പ്രധാനപ്പെട്ട വിള റബ്ബറാണ്. 1962-ല്‍ ബസ് സര്‍വ്വീസ് ആരംഭിച്ചതൊടെയാണ് ഇവിടുത്തെ യാത്രാരംഗത്തെ പുരോഗതിക്ക് തുടക്കമിട്ടത്.